ന്യൂയോർക്ക്: ഇന്ത്യയിൽനിന്ന് വിവിധ കാലങ്ങളിലായി അപഹരിക്കപ്പെടുകയും നിയമവിരുദ്ധമായി കടത്തുകയും ചെയ്ത 650-ലധികം അമൂല്യ പുരാവസ്തുക്കൾ അമേരിക്ക ഇന്ത്യക്ക് കൈമാറി. ഏകദേശം 14 ദശലക്ഷം യുഎസ് ഡോളർ (116 കോടിയിലധികം രൂപ) വിപണിമൂല്യം കണക്കാക്കുന്ന ഈ പുരാവസ്തുക്കൾ ന്യൂയോർക്കിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് ഇന്ത്യൻ അധികൃതർക്ക് കൈമാറിയത്.
മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസറും ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസും സംയുക്തമായി നടത്തിയ അന്വേഷണങ്ങളിലൂടെയാണ് ഈ പുരാവസ്തുക്കൾ വീണ്ടെടുത്തത്. കുപ്രസിദ്ധ പുരാവസ്തു കള്ളക്കടത്തുകാരനായ സുഭാഷ് കപൂർ ഉൾപ്പെട്ട അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖലകളിൽനിന്ന് പിടിച്ചെടുത്ത വസ്തുക്കളാണ് ഇതിൽ ഭൂരിഭാഗവും.
പത്താം നൂറ്റാണ്ടിലെ കല്ലിൽ തീർത്ത ശില്പങ്ങൾ, വെങ്കല വിഗ്രഹങ്ങൾ, പുരാതന കളിമൺ ശില്പങ്ങൾ എന്നിവയടക്കം അമൂല്യങ്ങളായ വസ്തുക്കളാണ് വർഷങ്ങൾക്ക് ശേഷം ഇന്ത്യക്കു തിരികെ ലഭിക്കുന്നത്. ഇവ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത കാലഘട്ടങ്ങളിലെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്നവയാണ്.
വർഷങ്ങളായി നടന്നുവരുന്ന ഓപ്പറേഷൻ ഐഡൽ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അമൂല്യമായ പുരാവസ്തുക്കൾ വീണ്ടെടുക്കാനായത്. മോഷ്ടിക്കപ്പെട്ടും നിയമപരമായുമല്ലാതെ യുഎസിലെത്തിയ ചരിത്രപരമായ ശേഷിപ്പുകൾ കണ്ടെത്തി അവയുടെ യഥാർഥ അവകാശിയില്ലെത്തിക്കാൻ ആരംഭിച്ചതാണ് ഓപ്പറേഷൻ ഐഡൽ.
വസ്തുക്കൾ തിരികെ എത്തിക്കുന്നതിനായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ഈ നീക്കത്തിലൂടെ ശക്തമായി. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനവേളകളിൽ പുരാവസ്തുക്കൾ തിരികെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ചർച്ചകൾ നടന്നിരുന്നു.
ഇന്ത്യയുടെ തനതായ സാംസ്കാരിക സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും അവ മാതൃരാജ്യത്തേക്ക് എത്തിക്കുന്നതിനും അമേരിക്ക നൽകുന്ന പിന്തുണയ്ക്ക് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് നന്ദി അറിയിച്ചു. പുരാവസ്തുക്കൾ ഉടൻ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്ന് ആർക്കിയോളിജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതരും അറിയിച്ചു.